ഈ പഞ്ചസാരമണ്ണു വിതറിയ നാട്ടിടവഴിക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ല.ഇരുവശത്തുമുള്ള മുളങ്കാടുകൾക്കും അതിന്റെ ഭീകരത കൈമോശം വന്നിട്ടില്ല.മുളങ്കാടുകൾക്കി ടയിൽ വളരുന്ന ചെറിയ കാട്ടുചെടികളിൽ ഒരുപാട് പൂക്കൾ പൂത്തും, കൊഴിഞ്ഞും പോയതല്ലാതെ കാര്യമായ മാറ്റങ്ങളൊന്നും ഇവിടെ സംഭവിച്ചിട്ടില്ല.

ഒരുപക്ഷേ, എനിക്കു വന്ന മാറ്റത്തെ അവ അറിഞ്ഞു കാണില്ല.അല്ലെങ്കിൽ അവയെ ഇഷ്ടപ്പെട്ടയാൾ ഇന്നു എന്റെയൊപ്പം ഇല്ലാത്തതിനാലാകാം.അന്നൊക്കെ എവിടെ നിന്നോ കാറ്റിന്റെ താളത്തിൽ പറന്നു വരുമായിരുന്നു ആ അപ്പൂപ്പൻ താടികൾ.അവൾക് ആ അപ്പൂപ്പൻ താടികളെ അത്രക്കിഷ്ടമായിരുന്നു.ഈ മുളങ്കാടുകൾക്കിടയിലേക്ക് എന്നെ ആദ്യമായി കൊണ്ടുവന്നതും അവളാണു.
എത്ര തവണയാണു അവ ഞങ്ങളുടെ പ്രണയ സല്ലാപത്തിനു തടസ്സമായി വന്നത്.എന്തെങ്കിലും പറഞ്ഞു വരുമ്പോഴായിരിക്കും എവിടെ നിന്നെങ്കിലും അവ പാറിവരുന്നത്.പിന്നെ അവൾ അതിനു പിന്നാലെ പായും.എന്നേയും എന്റെ സ്വപ്നങ്ങളേയും തനിച്ചാക്കി.അവളുടെ മനസ്സും ആ അപ്പൂപ്പൻ താടികളും പലപ്പോഴും ഒന്നാണെന്നു തോന്നിയിട്ടുണ്ട്.
ആ തോന്നലുകൾ സത്യമാണെന്നു പിന്നീട് മനസ്സിലായി.
അപ്പൂപ്പൻ താടികളെ പോലെ ഒരിടത്തു നിന്നു മറ്റൊരിടത്തേക്ക് പറക്കുന്നതായിരുന്നു അവളുടെ മനസ്സ്.
എന്റെ സ്വപ്നങ്ങൾ എന്റേതു മാത്രമായിരുന്നു എന്നു തിരിച്ചറിഞ്ഞപ്പോഴേക്കും അവൾ മറ്റൊരു കൈകളിലേക്ക് ചാഞ്ഞിരുന്നു.ഏതോ കാറ്റത്തു എവിടെ നിന്നോ പാറി വന്നു എന്റെ കൈകളിലേക്ക്, പിന്നീട് മറ്റൊരു കാറ്റത്തു മറ്റൊരുടത്തേക്കും.പിന്നെ ഒരിക്കലും ഈ വഴി വന്നിട്ടില്ല.വരാൻ തോന്നിയില്ല എന്നതാകും സത്യം.
എന്റെ സ്വപ്നങ്ങളേയും ആഗ്രഹങ്ങളെയും ശ്വാസം മുട്ടിച്ചു കൊല്ലാൻ കാറ്റിന്റെ പുറത്തേറി വരുന്ന ഈ പഞ്ഞിരോമങ്ങളെ വെറുപ്പായിരുന്നു എനിക്ക്.
പക്ഷേ, കുറച്ചു ദിവസങ്ങളായി എന്തേ ഈ അപ്പൂപ്പൻ താടികളോട് ഒരിഷ്ടം.എല്ലാ ആത്മാർത്ഥതയോടു കൂടി ഞാൻ നൽകിയ സ്നേഹം തട്ടിത്തെറിപ്പിച്ച് ഒരാൾ നടന്നു നീങ്ങിയപ്പോൾ തകർന്നു പോയ മനസ്സിനെ സ്നേഹം നൽകി ജീവനേകാൻ മറ്റൊരാൾ വന്നു.മനസ്സ് അവളിലേക്ക് പാറിപ്പറക്കുന്നുണ്ടെങ്കിലും.. ഒരു പേടിയാണു മനസ്സാകെ.. ഒരുപക്ഷേ, നാളെ ഇവളും..??
ഒരുവട്ടം മനസ്സിനേറ്റ ക്ഷതം ഇങ്ങനെ ചിന്തിപ്പിച്ചില്ലെങ്കിലാകും അതിശയം!
എന്തൊക്കെ ആയാലും ഇപ്പോൾ എന്റെ മനസ്സ് വേദനകൾ മാത്രം നൽകിയ പൂർവ്വ പ്രണയത്തിന്റെ ഓർമ്മകളിൽ നിന്നു പതുക്കെ അതു പാറന്നു തുടങ്ങിയിരിക്കുന്നു.പ്രതീക് ഷകളും അതിലേറെ ഭയവും അതിനു അകമ്പടിയായുണ്ട്.
അതാ ഒരു അപ്പൂപ്പൻ താടി!!